ഉത്സവ സീസൺ മുൻ നിർത്തി ആഭ്യന്തര ധനകാര്യസ്ഥാപനങ്ങൾ കനത്ത നിക്ഷേപത്തിന് ഉത്സാഹിച്ചെങ്കിലും വിദേശ ഓപറേറ്റർമാർ വിൽപനയ്ക്കുതന്നെയാണ് മുൻതൂക്കം നൽകിയത്. ഹൈവിവെയിറ്റ് ഓഹരികൾ വിറ്റുമാറാൻ അവർ നടത്തിയ നീക്കം തുടർച്ചയായ രണ്ടാം വാരത്തിലും ഇന്ത്യൻ മാർക്കറ്റിന്റെ കരുത്തു ചോർത്തി. സെൻസെക്സ് 468 പോയിന്റും നിഫ്റ്റി സൂചിക 114 പോയിന്റും പ്രതിവാര നഷ്ടത്തിലാണ്.
മധ്യപൂർവേഷ്യൻ സംഘർഷാവസ്ഥയ്ക്കിടയിൽ രാജ്യാന്തര ക്രൂഡ് ഓയിൽ വില ചൂടു പിടിക്കുന്നത് ഇന്ത്യൻ രൂപയ്ക്കു മേൽ സമ്മർദമുളവാക്കുന്നു. നാണയപ്പെരുപ്പ സാധ്യത മുൻനിർത്തി കരുതലോടെയാണ് വിദേശ നിക്ഷേപകർ വിപണിയെ സമീപിക്കുന്നത്.
പ്രതികൂല വാർത്തകളുടെ വേലിയേറ്റം തടയാൻ ആഭ്യന്തര ഫണ്ടുകൾ എല്ലാ ദിവസവും നിക്ഷപകരായിരുന്നു. മൊത്തം 13,778.62 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചിട്ടും വിപണിക്കു തിരിച്ചടി നേരിട്ടു. രണ്ടു ദിവസങ്ങളിലായി 2059.52 കോടി രൂപയുടെ നിക്ഷേപം വിദേശ ഇടപാടുകാർ നടത്തി, മറ്റ് ദിവസങ്ങളിൽ അവർ വിൽപനക്കാരായി 3661.17 കോടി രൂപയുടെ ഓഹരികൾ വിറ്റു.
നിഫ്റ്റിക്ക് മുൻവാരം നൽകിയ പ്രതിരോധത്തിലേക്ക് അടുക്കാനായില്ലെങ്കിലും ആദ്യ താങ്ങ് നിലനിർത്തുന്നതിൽ കൈവരിച്ച വിജയം പ്രദേശിക നിക്ഷേപകർക്കു പ്രതീക്ഷ സമ്മാനിച്ചു. ഈ വാരം വിപണി ഒരു കൺസോളിഡേഷനു ശ്രമം നടത്താം. 24,366 പോയിന്റിൽനിന്നു കൂടുതൽ മികവിന് അവസരം ലഭിക്കാതെ വാരമധ്യം 24,025ലേക്ക് ഇടിഞ്ഞു. കഴിഞ്ഞ ലക്കം സൂചിപ്പിച്ച 24,072ലെ താങ്ങ് തകർത്തെങ്കിലും 24,001ലേക്കുള്ള പരീക്ഷണങ്ങളുടെ ഭാഗമായി 24,025 വരെ സൂചിക സഞ്ചരിച്ചു. ഈ റേഞ്ചിലെ വാങ്ങൽ താത്പര്യത്തിൽ 24,252ലേക്ക് ഉയർന്നു.
വിപണിയുടെ മറ്റു സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ ഈവാരം 24,064ലാണ് ആദ്യ സപ്പോർട്ട്. ഒരു മികവിനു മുതിർന്നാൽ 24,399-24,547നെ ലക്ഷ്യമാക്കാമെങ്കിലും ഉയർന്ന തലങ്ങളിൽ വിൽപനക്കാർ പിടിമുറുക്കാം. ആദ്യ സപ്പോർട്ട് നഷ്ടമായാൽ 23,877ലേക്കു പരീക്ഷണങ്ങൾ നടത്താം. 20 ഡിഎംഎ ആയ 24,180ന് മുകളിൽ നീങ്ങുന്നത് ചെറിയതോതിൽ ബുള്ളിഷാണ്. ക്ലോസിംഗിൽ വിപണി 100 ഡിഎംഎ ആയ 24,396നു മുകളിൽ പിടിച്ചുനിൽക്കാൻ കഴിയാത്തത് അൽപം നെഗറ്റീവ് മനോഭാവത്തിനു കാരണമാക്കാം.
നിഫ്റ്റി ഫ്യൂച്ചേഴ്സ് സെപ്റ്റംബർ, ആദ്യ പകുതിയിൽ ശക്തമായ തിരിച്ചടി നേരിട്ടു. 24,450ൽനിന്നു 24,212ലേക്ക് ഇടിഞ്ഞ ശേഷമുള്ള തിരിച്ചുവരവിൽ 24,391ലാണ്. ഈ വാരം 24,250-24,100ലെ പ്രധാന പിന്തുണകൾ നിലനിർത്തിയാൽ ഓപറേറ്റർമാർ കൂടുതൽ താത്പര്യം കാണിക്കാം.
സെപ്റ്റംബറിന്റെ പ്രതിരോധം 24,600 റേഞ്ചിലാണ്. വിപണിയിലെ ഓപ്പൺ ഇന്ററസ്റ്റ് ഏകദേശം 18 ലക്ഷം കരാറുകളിൽനിന്ന് 67 ലക്ഷമായി കുതിച്ചു. നിരക്കു താഴ്ന്ന അവസരത്തിൽ ഓപ്പൺ ഇന്ററസ്റ്റിലുണ്ടായ കുതിപ്പ് പുതിയ വിൽപനക്കാരുടെ വരവിനെ വ്യക്തമാക്കുന്നു. അതായത്, 24,100ലേക്കു പരീക്ഷണ സാധ്യതകൾ തള്ളികളയാനാവില്ല.
സെൻസെക്സ് മുൻവാരത്തിലെ 78,009 പോയിന്റിൽനിന്ന് 78,048ലേക്ക് ഓപ്പണിംഗിൽ ഉയർന്നെങ്കിലും കഴിഞ്ഞവാരം സൂചിപ്പിച്ച പ്രതിരോധത്തിലേക്ക് അടുക്കും മുന്നേ വിപണിയിൽ വിൽപനക്കാർ പിടിമുറുക്കി. ഇതോടെ സെൻസെക്സിന് 77,000ലെ താങ്ങ് നഷ്ടപ്പെട്ട് 76,822ലേക്ക് ഇടിഞ്ഞു.
വ്യാപാരാന്ത്യം കരുത്ത് അൽപം തിരിച്ചുപിടിച്ച് 77,540 പോയിന്റിലാണ്. നിലവിലെ ചലനങ്ങൾ കണക്കിലെടുത്താൽ 78,118ലെ പ്രതിരോധം കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കാം. ഇതിനിടയിൽ ബ്ലൂചിപ്പ് ഓഹരികൾ ഒരിക്കൽകൂടി വിൽപനയ്ക്കിറങ്ങിയാൽ സൂചിക 76,892-76,244 റേഞ്ചിലേക്കു തിരുത്തലിനു നിർബന്ധിതമാവും. ഡെയ്ലി ചാർട്ട് പരിശോധിച്ചാൽ 76,662ൽ സപ്പോർട്ടുണ്ട്.
വിനിമയ വിപണിയിൽ ഡോളറിനു മുന്നിൽ രൂപയുടെ മൂല്യം 95.41ൽനിന്നു 95.73ലേക്കു ദുർബലമായെങ്കിലും വ്യാപാരാന്ത്യം അൽപം കരുത്തു തിരിച്ചുപിടിച്ച് 95.68ലാണ്.
ക്രൂഡ് വില വീണ്ടും ഉയർന്നു. ബാരലിന് 90 ഡോളറിൽനിന്നു 94.40 ഡോളറായി. മുൻവാരം സൂചന നൽകിയതാണ് 91ലെ പ്രതിരോധം മറികടന്നാൽ 98 ഡോളറിലേക്കു മുന്നേറാനുള്ള പ്രവണത കാണിക്കുമെന്ന്. പുതിയ സാഹചര്യത്തിൽ ബ്രെൻഡ് ക്രൂഡ് ഓയിൽ 98-101 ഡോളറിനെ ഉറ്റു നോക്കാം. വിപണിയുടെ സപ്പോർട്ട് 87 ഡോളറിലാണ്.
ന്യൂയോർക്ക് എക്സ്ചേഞ്ചിൽ സ്വർണത്തിലെ വാങ്ങൽ താൽപര്യം ശക്തമായി. ഫണ്ടുകൾക്കൊപ്പം വിവിധ കേന്ദ്ര ബാങ്കുകളും നിക്ഷേപത്തിന് ഉത്സാഹിച്ച വിവരം പുറത്തുവന്നത് വിപണിയുടെ അടിയോഴുക്ക് ശക്തമാക്കി.
ട്രോയ് ഔൺസിന് 4376 ഡോളറിൽ ഓപ്പൺ ചെയ്ത സ്വർണം 4632 ഡോളർ വരെ കയറി, വാരാന്ത്യം നിരക്ക് 4602 ഡോളറിലാണ്. മഞ്ഞലോഹം ബുള്ളിഷ് ട്രെൻഡിൽ നീങ്ങുന്നതിനാൽ ഫണ്ടുകളുടെ സാന്നിധ്യം തുടരാം.